Kerala
തൃശൂർ: രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്നും അദ്ദേഹത്തെ പോലെ ഒരാൾ കാബിനറ്റിൽ ആവശ്യമാണെന്നും കെ. മുരളീധരൻ. ഗുരുവായൂരിൽ നിർമാല്യ ദർശനത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസ്ഥാനം ഹൈക്കമാൻഡും രമേശ് ചെന്നിത്തലയും ചേർന്നു തീരുമാനിക്കേണ്ട കാര്യമാണ്. രമേശ് എക്കാലത്തും ഹൈക്കമാൻഡ് നിലപാടുകൾ അംഗീകരിച്ചിട്ടുള്ള അച്ചടക്കമുള്ള പ്രവർത്തകനാണ്. അതുകൊണ്ട് ഇക്കാര്യത്തിലും അദ്ദേഹം ഹൈക്കമാൻഡിന്റെ നിർദേശങ്ങൾ അനുസരിച്ച് അദ്ദേഹം പ്രവർത്തിക്കും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: യുഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് നിയുക്ത എംഎൽഎ കെ. മുരളീധരൻ. രമേശ് ചെന്നിത്തല ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും. രമേശ് മന്ത്രിസഭയിൽ വരണമെന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും മുരളീധരൻ പറഞ്ഞു.
പരാജയം അംഗീകരിക്കുന്നതിന് പകരം സിപിഎമ്മിന്റെ അവസാനത്തെ അടവാണ് പ്രചരിക്കുന്നതെന്ന് അദേഹം വിമർശിച്ചു. മുഖ്യമന്ത്രിയായി താൻ വോട്ട് ചെയ്തത് സതീശനാണെന്നും മുരളീധരൻ വെളിപ്പെടുത്തി.
സതീശൻ മുഖ്യമന്ത്രിയായി വരണമെന്നായിരുന്നു മണ്ഡലത്തിലെ ജനങ്ങളുടെ പൊതുവികാരം. തന്റെ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് പോകുന്ന സമയത്ത് ജനങ്ങൾ അത് തന്നെയാണ് പറഞ്ഞതെന്ന് കെ. മുരളീധരൻ പറഞ്ഞു.
National
ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള അന്തിമ തീരുമാനം 48 മണിക്കൂറിനുള്ളിൽ ഉണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ, ഹൈക്കമാൻഡുമായുള്ള നിർണായക ചർച്ചകൾക്കായി മുരളീധരൻ നാളെ രാവിലെ ഡൽഹിക്ക് തിരിക്കും.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഹൈക്കമാൻഡ് വേഗത്തിലാക്കിയിരിക്കുകയാണ്. വരും മണിക്കൂറുകളിൽ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായി ദേശീയ നേതൃത്വം കൂടിക്കാഴ്ച നടത്തും.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എല്ലാവർക്കും സ്വീകാര്യമായ ഒരു തീരുമാനമായിരിക്കും ഉണ്ടാകുകയെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ സൂചിപ്പിച്ചു. ചർച്ചകളിൽ തന്റെ നിലപാട് വ്യക്തമാക്കിയ ശേഷം മുരളീധരൻ ഉടൻ മടങ്ങിയെത്തും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവരുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെടുന്നതിനിടെയാണ് മുരളീധരന്റെ ഈ പ്രസ്താവന. വരുംദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.
Kerala
തിരുവനന്തപുരം: ആരാകും കേരളത്തിലെ മുഖ്യമന്ത്രിയെന്ന് 48 മണിക്കൂറിനകം പ്രഖ്യാപനമുണ്ടാകുമെന്ന് കെ. മുരളീധരൻ. ചൊവ്വാഴ്ച ഡൽഹിയിൽ എത്തണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
എങ്ങനെയാണ് ചർച്ച എന്ന് അറിയില്ല. മുഖ്യമന്ത്രി ചർച്ചയ്ക്ക് ആയിരിക്കാമെന്നും നാളെയും മറ്റന്നാളുമായി തീരുമാനം ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പോകുമെന്നും ഹൈക്കമാൻഡ് നിരീക്ഷകരോട് കാര്യങ്ങൾ പറഞ്ഞതാണെന്നും മുരളീധരൻ വ്യക്തമാക്കി.
എംഎൽഎമാരുടെ പിന്തുണയുമായി ബന്ധപ്പെട്ട വിഷയത്തിൽ, നിങ്ങൾ പറഞ്ഞ പിന്തുണ ആയിരിക്കില്ലല്ലോ ശരിയായ പിന്തുണയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: അധ്വാനിക്കുന്നവർക്ക് കൂലി കിട്ടണമെന്ന് കെ. മുരളീധരൻ. ഫ്ളക്സുകൾ അല്ല നേതാക്കളെ തെരഞ്ഞെടുക്കുന്നത്, അതിന് ചില നടപടിക്രമങ്ങൾ ഉണ്ട്. അത് പൂർത്തിയാക്കി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും ചില നേതാക്കളോടൊക്കെ താൽപര്യമുണ്ടാവും. എന്നാൽ അവർ മറ്റു നേതാക്കളെക്കുറിച്ച് മോശം പറയുന്നത് ശരിയല്ല. തന്റെ അഭിപ്രായം ഹൈക്കമാൻഡിനോട് പറഞ്ഞിട്ടുണ്ട്.
പലയിടങ്ങളിലും വി.ഡി. സതീശന് അനുകൂലമായ പ്രകടനങ്ങളും മറ്റും എല്ലാം താനും കാണുന്നുണ്ട്. അതൊന്നും നേതാക്കൾ അറിഞ്ഞുകൊണ്ടല്ല. ഓരോരുത്തരും അവരുടെ താൽപര്യം പ്രകടിപ്പിക്കുന്നതാണെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ഞായറാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം വരുമെന്ന് മുരളീധരൻ പ്രതികരിച്ചു.
മുഖ്യമന്ത്രി ആരെന്നറിയാൻ എന്തിനാണ് ഇത്ര തെരക്കെന്ന് അദ്ദേഹം ചോദിച്ചു. ജനാധിപത്യ പ്രക്രിയയിൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ സമയമെടുക്കുമെന്നത് സാധാരണമാണ്.
ഫ്ലക്സിന്റെ വലുപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ജനവികാരം കണക്കിലെടുത്ത് ഹൈക്കമാൻഡ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും അത് സ്വീകരിക്കും. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം താൻ ആരെയാണ് പിന്തുണച്ചതെന്ന് പറയാമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ എഐസിസി നിരീക്ഷകരെ നിലപാട് അറിയിച്ച് മടങ്ങുമ്പോഴായിരുന്നു പ്രതികരണം.
അതേസമയം മുഖ്യമന്ത്രിപദത്തിനായി കോൺഗ്രസിൽ പോര് തുടരുന്നതിനിടെ നിയമസഭാ കക്ഷിയോഗം ചേർന്നു. മുഖ്യമന്ത്രിയെ തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി നിയമസഭാ കക്ഷിയോഗം പ്രമേയം പാസാക്കി.
കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് അവതരിപ്പിച്ച പ്രമേയം എല്ലാവരും അംഗീകരിച്ചു. യോഗം ചേരുന്നതിനു മുമ്പ് കേന്ദ്ര നിരീക്ഷകർ എംപിമാരുമായി ചർച്ച നടത്തി. ബൈന്നി ബഹനാൻ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ എന്നിവർ കെ.സി.വേണുഗോപാലിനെ പിന്തുണച്ചു.
ഹൈബി ഈഡൻ വി.ഡി. സതീശന് പിന്തുണ അറിയിച്ചു.അതിനിടെ കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ. സുധാകരൻ കത്ത് നൽകി. മുഖ്യമന്ത്രി ചര്‍ച്ചയില്‍ 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായെന്നാണ് കെ.സി വിഭാഗം പറയുന്നത്.
16 എംഎൽഎമാർ തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തല കരുതുന്നു. ഒമ്പത് എംഎൽഎമാർ ഒപ്പമെന്ന് വി.ഡി. സതീശൻ ക്യാമ്പ് പറയുന്നു.
Kerala
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ വൻ പോരാട്ടത്തിനൊടുവിൽ വിജയം നേടിയ കെ.മുരളീധരനെ നേരിട്ടുകണ്ട് അഭിനന്ദനമറിയിച്ച് കെ.സുധാകരൻ. കൂടിക്കാഴ്ചയ്ക്ക് ഒരു കാരണവുമില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചത്.
മുഖ്യമന്ത്രി ആരെന്ന് പാർട്ടി ചർച്ച ചെയ്യും. അത് കെ. മുരളീധരനും കെ. സുധാകരനും ചർച്ച ചെയ്യേണ്ടത് അല്ല. ഹൈക്കമാൻഡാണ് തീരുമാനമെടുക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
ആര് മുഖ്യമന്ത്രിയാകണം എന്ന ആഗ്രഹം ഇപ്പോൾ പറയാനാവില്ല. കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകണം എന്ന് പറഞ്ഞ അന്നത്തെ സാഹചര്യം ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കെ.സുധാകരൻ എംപി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടതിൽ പ്രതികരണവുമായി കെ.മുരളീധരൻ. മുഖ്യമന്ത്രി ചർച്ച ഇപ്പോൾ ആവശ്യമില്ല. അതിന് ധാരാളം സമയമുണ്ട്. ചർച്ചകൾ നാലാം തീയതി കഴിഞ്ഞ് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നാലാം തീയതി കഴിയുമ്പോൾ എന്ത് അഭിപ്രായമുണ്ടെങ്കിലും ഹൈക്കമാൻഡ് പ്രതിനിധികളുടെ മുന്നിൽ പറയാം. കോൺഗ്രസ് പ്രസിഡന്റിനെ ആർക്കും കണ്ട് അഭിപ്രായം പറയാം. ആര് പറയണം ആര് പറയണ്ടയെന്ന് തീരുമാനിക്കാൻ താൻ ആളല്ലെന്ന് മുരളീധരൻ പറഞ്ഞു. നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കണം.
തന്റെ അഭിപ്രായം നാലാം തീയതിക്ക് ശേഷം പറയുമെന്നും അദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പദവിയിൽ ടേം വ്യവസ്ഥകൾ ഒന്നുമില്ലെന്നും തെരഞ്ഞെടുക്കപ്പെടുന്ന നേതാവ് അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരുമെന്നും മുരളീധരൻ വ്യക്തമാക്കി. ഇത്തവണ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കേണ്ട ചുമതല യുഡിഎഫിനില്ല.
അത് സിപിഎമ്മിന്റെ ജോലിയാണ്. യുഡിഎഫിന്റെ രണ്ട് ടേം കഴിഞ്ഞുവെന്നും ഇനി പിണറായി വിജയനാണോ അതോ ജയിച്ചുവരുന്ന പുതിയ ആരെങ്കിലുമാണോ പ്രതിപക്ഷ നേതാവാകേണ്ടതെന്ന് എൽഡിഎഫ് തീരുമാനിക്കട്ടെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് വല്ലതും പറയേണ്ടി വരുമെന്ന് കരുതിയാണ് പിണറായി വിജയൻ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തതെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: യുഡിഎഫ് നൂറു സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം ആഞ്ഞടിച്ചു. ഭരണമാറ്റത്തിന്റെ സൂചന പ്രകടമാണ്.
വട്ടിയൂർക്കാവിലെ ജനങ്ങൾ തന്റെ ഒപ്പമുണ്ട്. മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കാമെന്ന് പറഞ്ഞ എ.കെ.ശശീന്ദ്രനെയും മുരളീധരൻ വിമർശിച്ചു. ശശീന്ദ്രൻ ഇനി ഒരിക്കലും മന്ത്രിയാകാൻ കഴിയില്ല.
എൽഡിഎഫിനെ കാത്തിരിക്കുന്നത് വൻ തോൽവിയാണ്. കുംഭമേള വൈറൽ താരത്തിന്റെ വിഷയം പരിശോധിക്കേണ്ട കാര്യമാണ്. വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Kerala
വട്ടിയൂർക്കാവ് : യുഡിഎഫ് റാലിയുമായി ബന്ധപ്പെട്ടു പങ്കാളിത്തം ഉറപ്പിക്കാൻ ആളുകളെ വേണമെന്ന് തൊഴിലാളികളെ നിയോഗിക്കുന്ന അപ്പിൽ പരസ്യം നൽകി എന്ന വ്യാജവാർത്തക്കെതിരെ, യുഡിഫ് സ്ഥാനാർഥിയായ കെ. മുരളീധരൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി.
വട്ടിയൂർക്കാവിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ തൊഴിലാളികളെ നൽകുന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി പരസ്യം നൽകിയെന്ന വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ. മുരളീധരൻ പരാതി നൽകിയത്.
ചാനലിൽ വന്ന വാർത്തയിൽനിന്നുതന്നെ പരസ്യം കുറച്ച് സമയത്തേക്ക് മാത്രമാണ് ഈ ആപ്പിൽ ഉണ്ടായിരുന്നതെന്നും പിന്നീട് പിൻവലിക്കപ്പെട്ടുവെന്നും വ്യക്തമാണ്. വട്ടിയൂർക്കാവിൽ കടുത്ത പരാജയഭീതിയിലായ സിപിഎം ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണ് ഈ വാർത്തയെന്നും കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർക്കും സംസ്ഥാന പോലീസ് മേധാവി രവതാ ചന്ദ്രശേഖറിനും കെ. മുരളീധരൻ ഇ-മെയിൽ വഴി പരാതി നൽകിയത്.
വാർത്ത നൽകിയ ചാനലിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അടിയന്തരമായി പിടിച്ചെടുക്കണമെന്നും, വ്യാജ പരസ്യം നൽകിയവർക്കെതിരെ ക്രിമിനൽ കേസെടുത്ത് കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന പൊതുവികാരവും മാധ്യമ വാർത്തകളും നിലനിൽക്കെയാണ് ഇത്തരം തരംതാണ ആരോപണങ്ങളുമായി അവർ രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാന പോലീസ് മേധാവിക്കും , മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും നൽകിയ പരാതികൾക്ക് പുറമെ, കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് നിയമനടപടി സ്വീകരിക്കാനും യുഡിഎഫ് നേതൃത്വം ആലോചിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും വട്ടിയൂർക്കാവിന് മന്ത്രിയാകുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.സി.
വട്ടിയൂർക്കാവിന് മന്ത്രിയുണ്ടാവുമെന്നും, ട്രഷറി ബെഞ്ചിനെ നയിക്കുന്നവരിൽ ഒരാളാവും മുരളീധരനെന്നും കെ.സി പറഞ്ഞു.
അതേസമയം യുഡിഎഫ് സ്ഥാനാർഥിയായി കെ. മുരളീധരൻ കൂടി എത്തിയതോടെ ശക്തമായ ത്രികോണ മത്സരമായിരിക്കും വട്ടിയൂർക്കാവിൽ അരങ്ങേറുക. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നണികൾ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. സിറ്റിംഗ് എംഎൽഎയായ വി.കെ. പ്രശാന്ത് ആണ് എൽഡിഎഫ് സ്ഥാനാർഥി. ആർ. ശ്രീലേഖയാണ് എൻഡിഎ സ്ഥാനാർഥി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം അക്രമം അഴിച്ചു വിടുകയാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും കരിങ്കൊടി പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനനില ഭദ്രമായി തുടരണമെന്നുള്ളത് കോൺഗ്രസിന്റെ ബാധ്യതയല്ലെന്നും മുരളീധരൻ പറഞ്ഞു. വീണാ ജോർജ് ആരോഗ്യമന്ത്രിയെന്ന നിലയിൽ പരാജയം ആണെങ്കിലും നടിയെന്ന നിലയിൽ മികച്ച പെർഫോമൻസാണ് നടത്തുന്നതെന്നും അദേഹം പരിഹസിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും വീണാ ജോർജ് ഇതേ തന്ത്രം പയറ്റിയിരുന്നു. കഴുത്തിന് അസുഖമുള്ള മന്ത്രി കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും കോളർ ധരിച്ചിരുന്നുവെന്നും മുരളീധരൻ ആരോപിച്ചു.
യുഡിഎഫുകാർക്കെതിരെ എന്ത് അക്രമം ഉണ്ടായാലും നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രി പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദേഹം കൂട്ടിചേർത്തു.
Kerala
തിരുവനന്തപുരം: ചികിത്സാ പിഴവിൽ മന്ത്രി വീണാ ജോർജിനെ കുറ്റപ്പെടുത്തി കെ. മുരളീധരൻ. ഓപ്പറേഷന് വിധേയനായാൽ ഒരു കത്രിക ഫ്രീ എന്ന രീതിയിലാണ് സർക്കാർ ആശുപത്രികൾ പ്രവർത്തിക്കുന്നത്.
മന്ത്രി മഹാറാണിയൊന്നുമല്ല. മന്ത്രിയുടെ പിടിപ്പുകേട് കാരണം ആശുപത്രികളെ കൊലകളമാക്കി. മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം നടത്തുന്നു. എല്ലാ ദിവസവും എന്തെങ്കിലും സംഭവം നടക്കുന്നു.
ഒരു ദിവസം ഒരു ഒറ്റപ്പെട്ട സംഭവമാണ് നടക്കുന്നത്. ഡോ.ലളിതാംബികയുടെ പരാമർശം എന്ത് ധിക്കാരമാണെന്നും ആരോഗ്യമന്ത്രി അമ്പേ പരാജയമാണെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പന്റെ വിഗ്രഹം സ്വർണമായിരുന്നെങ്കിൽ അതും ചിലർ അടിച്ചുമാറ്റിയേനെയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ശബരിമലയിൽ നടത്തിയ അയ്യപ്പ സംഗമം ധൂർത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന് 500 കട്ടിലെന്ന കണക്ക് കണ്ടു. എന്തിനാണ് അയ്യപ്പ സംഗമത്തിന് ഇത്രയും കട്ടിൽ? കിടന്നുറങ്ങാനാണോ എല്ലാവരും അവിടേയ്ക്ക് പോയത്. മന്ത്രി വി.എൻ. വാസവന് കച്ചേരി എന്താ, ഗാനമേള എന്താ എന്ന് അറിയില്ല.
വാസവൻ രാജി വയ്ക്കണം. അതിൽക്കുറഞ്ഞ ഒത്തുതീർപ്പിനും ഞങ്ങൾ തയാറല്ല. നിയമസഭയിൽ തെറ്റായ കണക്ക് കൊടുത്തതിന് വാസവനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. 4000 പേർ പങ്കെടുത്തുവെന്നാണ് പറയുന്നത്.
എന്നാൽ 8000 പേർ ഭക്ഷണം കഴിച്ചുവെന്ന് പറയുന്ന കണക്ക് എങ്ങനെയാണ് ശരിയാവുക. വീരപ്പൻ ഇവരെ കണ്ടാൽ സാഷ്ടാംഗം നമസ്കരിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.മുരളീധരൻ തന്റെ പഴയ തട്ടകമായ വട്ടിയൂർക്കാവിൽ മത്സരിക്കും.വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള സന്നദ്ധത കെ. മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു. നേരത്തെ പാലക്കാട്,കോഴിക്കോട് ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലും തിരുവനന്തപുരം സെൻട്രലിലും മുരളീധരൻ മത്സരിക്കണമെന്നു പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വ്യക്തമായ മറുപടി പറയാതെ പാർട്ടി തീരുമാനിക്കുമെന്നും മത്സരത്തിനില്ലെന്നുമാണ് അദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നത്. ഹൈക്കമാൻഡ് നടത്തിയ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രധാന പേര് മുരളീധരന്റേതായിരുന്നു. മുരളി മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് വളർത്താനാണോ നിഗ്രഹിക്കാനാണോയെന്നായിരുന്നു പ്രതികരണം.
ബിജെപിയെ പൂട്ടിച്ചു
2011, 2016ലും വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽനിന്നു മുരളി മത്സരിച്ചു വിജയിച്ചിരുന്നു. നിയമസഭാംഗമായിരിക്കെ ലോക്സഭയിലേക്കു മത്സരിക്കാൻ അദ്ദേഹം കോഴിക്കോട്ടേക്കു പോകുകയും ലോക്സഭയിൽ വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത വി.കെ. പ്രശാന്ത് വിജയം നേടി. ലോക്സഭാംഗം ആയിരിക്കെ നേമത്തുനിന്നു നിയമസഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചതു ബിജെപിയുടെ വിജയസാധ്യതയെ ബാധിച്ചു. സിപിഎമ്മിലെ വി. ശിവൻകുട്ടി വിജയിച്ചു. തുടർന്നു തൃശൂരിൽനിന്നു ലോക്സഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഉഗ്രപോരാട്ടം
കെ. മുരളീധരൻ എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തുമെന്ന് ആർഎസ്എസ് തീരുമാനമെടുത്തിരുന്നു. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് കെ. മുരളീധരനായിരുന്നു. ഇതിൽ മുരളി ആവേശംകൊണ്ടത് ആർഎസ്എസ് ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും മുരളിയോടു കടുത്ത വിരോധത്തിനിടയാക്കിയിരുന്നു.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ വാർഡുകൾ ബിജെപിയാണ് ഭരിക്കുന്നത്. മേയർ വി.വി. രാജേഷിന്റെ വാർഡ് കൊടുങ്ങാനുരാണ് എന്ന പ്രത്യേകതയും ഉണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയായി വി.കെ. പ്രശാന്ത് തന്നെ വരാനാണ് സാധ്യത. മുരളിയെ നേരിടാൻ ബിജെപിയും കരുത്തനായി സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് സാധ്യത.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗുമായി വെച്ചുമാറാനുള്ള നീക്കം നടക്കുന്നതിനിടെ കോൺഗ്രസ് നേതാവ് കെ. മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ. തിരുവമ്പാടിയില്‍ അദ്ദേഹം മത്സരിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ.
"കെ. മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം' എന്നാണ് പോസ്റ്ററിൽ ഉള്ളത്. തിരുവമ്പാടി തിരിച്ചുപിടിക്കാന്‍ മതേതരത്വത്തിന്റെ കാവലാള്‍ വേണമെന്നും പോസ്റ്ററിലുണ്ട്.
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചത് കൊണ്ടാണ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയതെന്നും അതിനു ശേഷം നടക്കുന്ന ഒരുകാര്യത്തിലും തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
ഞങ്ങൾ അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ട കാര്യവുമില്ല. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് ഞങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള കാര്യങ്ങളിൽ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല.
വടക്കൻപാട്ടിൽ പറഞ്ഞതുപോലെ ഒതേനൻ ചാടാത്ത മതിലില്ലെന്ന് പറഞ്ഞത് പോലെ ഇനി എവിടെയൊക്കെ ചാടിയാൽ ഞങ്ങൾക്ക് എന്താ ഉത്തരവാദിത്വം. ഞങ്ങൾ ചെയ്യേണ്ട കാര്യം ഞങ്ങൾ ചെയ്തു.
ഞങ്ങളുടെ കൂടെ നിർത്താൻ കൊള്ളില്ലാത്തയാളാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് പാർട്ടിയിൽനിന്നും പുറത്താക്കിയത്. ഇനി അതിനെക്കുറിച്ച് ചർച്ചയുടെ ആവശ്യമില്ല. ഉചിതമായ തീരുമാനങ്ങൾ സർക്കാരും പോലീസും തീരുമാനിക്കും.
കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് ഞങ്ങൾ ഒരിക്കലും തെറ്റിനെ ന്യായീകരിക്കില്ല. തെറ്റ് കണ്ടാൽ അത് ചെയ്ത വ്യക്തിയെ ശിക്ഷിക്കും. അതാണ് പാർട്ടി നയം. ഞങ്ങളുടെ പാർട്ടി ചെയ്യുന്നതെല്ലാം ശരി മറ്റ് പാർട്ടിക്കാർ ചെയ്യുന്നത് തെറ്റ് എന്ന ശീലം കോൺഗ്രസിനില്ല.
സ്വർണംകട്ടവരെയും സ്ത്രീലമ്പടൻമാരെയും ഒരുകാലത്തും ഞങ്ങൾ സംരക്ഷിച്ചിട്ടില്ല. കോൺഗ്രസ് ജനങ്ങളെ സേവിക്കാനുള്ള പാർട്ടിയാണ് മറ്റ് കളരികൾക്ക് ഉപയോഗിക്കേണ്ട പ്രസ്ഥാനമല്ല.
അദ്ദേഹം സ്വയം രാജിവച്ചു പോകേണ്ടതായിരുന്നു. പാർട്ടിയിൽനിന്നും പുറത്താക്കിയ ഒരാൾ രാജിവയ്ക്കണമെന്ന് പറയാൻ നിവൃത്തിയില്ല. വിപ്പ് പോലും കൊടുക്കാൻ കഴിയില്ല. പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ വിപ്പ് ബാധകമല്ല. സസ്പെൻഷനായിരുന്നെങ്കിൽ വിപ്പ് കൊടുക്കാമായിരുന്നു.
ആദ്യം സസ്പെൻഡ് ചെയ്തു. എന്നാൽ അതിജീവിതമാരുടെ എണ്ണം കൂടി. അപ്പോഴാണ് ഞങ്ങൾ ബ്രഹ്മാസ്ത്രം പ്രയോഗിച്ചത്. ഇനി ഒന്നിനും ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല.- കെ. മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ട് ആരോപണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വ്യാപകമായ ഇരട്ട വോട്ട് ഉണ്ടായെന്നും സിപിഎം വ്യാജന്മാരെ രംഗത്ത് ഇറക്കിയെന്നും മുരളീധരൻ ആരോപിച്ചു.
മന്ത്രിയുടെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തി നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി കാമറ വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. രാവിലെ ഏഴിന് കാമറ സ്ഥാപിച്ചില്ല. എട്ടിനാണ് കാമറ സ്ഥാപിച്ചതെന്നും മുരളീധരൻ പറഞ്ഞു.
ശ്രീകണ്ഠേശ്വരം ഭാഗത്തുള്ള ട്രാൻസ്ജെൻഡേർസിനെ ഇവിടെയും വോട്ട് ചേർത്തു. ട്രാൻസ്ജെൻഡർ വിഭാഗത്തിന് മത്സരിക്കാൻ സീറ്റ് നൽകിയത് കോൺഗ്രസാണ്. സിപിഎം ഇവരെ ഉപയോഗിക്കുന്നത് കള്ളവോട്ട് ചെയ്യാനാണ്. വോട്ട് ചലഞ്ച് ചെയ്തപ്പോൾ ചലഞ്ച് ചെയ്യാനുള്ള ഫോറം തീർന്ന് എന്ന് പറഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു.
എത്ര കള്ള വോട്ട് ചെയ്താലും നഗരം യുഡിഎഫ് ഭരിക്കും. ഇത്തവണ 55 സീറ്റുകൾ ലഭിക്കും. വ്യാജൻന്മാരെ രംഗത്തിറക്കിയതിൽ കാര്യമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസിലാകുമെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമാണ് നിലനില്ക്കുന്നതെന്നു കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ. മുരളീധരന്. യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ സിപിഎം കടുത്ത ആശയദാരിദ്ര്യത്തിലാണെന്നും യുഡിഎഫിനെ ചിത്രത്തില്‍ നിന്നു മാറ്റാനുള്ള ശ്രമമാണ് ബിജെപിയും സിപിഎമ്മും നടത്തുന്നതതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത തകര്‍ന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി പിണറായിവിജയന് ശ്രമിക്കുന്നത്. ദേശീയപാത വികസനത്തിന്റെ പേരില്‍ കോടികളുടെ ഫ്ളക്സ് വച്ച് പ്രചാരണം നടത്തിയ മുഖ്യമന്ത്രി ഇപ്പോള്‍ ഉത്തരവാദിത്തമില്ലെന്ന് പറയുന്നതിലൂടെ സ്വയം ചെറുതാകുകയാണ്. ഈ വിഷയത്തില്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും തുല്യഉത്തരവാദിത്തമാണുള്ളത്.
ശബരിമലയില്‍ നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചുകിട്ടുമോ എന്നറിയില്ല. സ്വര്‍ണം ഉരുക്കി വിറ്റതാവാമെന്ന് ഹൈക്കോടതിയാണ് നിരീക്ഷിച്ചത്. തിരുവനന്തപുരം നഗരസഭയില്‍ സിപിഎമ്മിന്റെ എല്ലാ അഴിമതിക്കും ചൂട്ടുപിടിച്ചത് ബിജെപിയാണ്. അജണ്ട വച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
District News
കോവളം: തിരുവനന്തപുരം നഗരസഭയെ ബിജെപിക്ക് അടിയറവെക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ. കേന്ദ്രവുമായി മുഖ്യമന്ത്രി നടത്തിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നും അശാസ്ത്രീയമായി നടത്തിയ വാർഡ് വിഭജനം ഇതിനു തെളിവാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. നഗരസഭയിലെ ഇടതു ദുർഭരണത്തിനെതിരെ കെ. മുരളീധരൻ നയിക്കുന്ന ജനകീയ വിചാരണാ യാത്രയ്ക്ക് വിഴിഞ്ഞത്തു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെങ്ങാനൂർ, മുക്കോല, വിഴിഞ്ഞം ഹാർബർ, വെള്ളാർ, പൂങ്കുളം, പുഞ്ചക്കരി, തിരുവല്ലം തുടങ്ങിയ സ്ഥലങ്ങളിലും ജനകീയ വിചാരണാ യാത്രയ്ക്ക് സ്വീകരണം നൽകി. അഡ്വ. എം. വിൻസന്റ് എംഎൽഎ, കെപിസിസി ഭാരവാഹികളായ എം.എം. വാഹിദ്, കെ.എസ്. ശബരീനാഥൻ, ഗോപകുമാർ, ജോൺ വിനേഷ്യസ്, ബ്ലോക്ക് പ്രസിഡന്റുമാരായ കരുംകുളം വിജയകുമാർ, ഉച്ചക്കട സുരേഷ്, കെ.എം ഹാരിസ്, കോളിയൂർ ദിവാകരൻ നായർ, ചെമ്പഴന്തി അനിൽ, വിൻസന്റ് ഡി. പോൾ, വിനോദ് സെൻ തുടങ്ങിയവർ പങ്കെടുത്തു.
District News
തിരുവനന്തപുരം: തിരികെ വന്ന പ്രവാസികളുടെ പുനരധിവാസത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കണമെന്നും അവർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയങ്ങളിൽ ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ ആവശ്യപ്പെട്ടു.
കേരള സർക്കാർ നോർക്ക റൂട്ട്സ് മുഖേന ആരംഭിക്കുന്ന ’നോർക്ക കെയർ’ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയിൽ കേരളത്തിന് പുറത്ത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിവന്ന എല്ലാ പ്രവാസികളെയും ഉൾപ്പെടുത്തണമെന്നതുൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരം നോർക്ക ഓഫീസിന് മുന്പിൽ കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി പ്രതിഷേധ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ അധ്യക്ഷനായി. മുഖ്യ രക്ഷാധികാരി ഐസക്ക് തോമസ്, സംസ്ഥാന പ്രസിഡന്റ് എൽ.വി. അജയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി.ജെ. മാത്യു, ഇ.എം. നസീർ, കൈരളി ശ്രീകുമാർ, ഷൗക്കത്തലി, ജില്ലാ ഭാരവാഹികളായ ദീപാ ഹിജ്നസ്, ആറ്റുകാൽ ശ്രീകണ്ഠൻ, ജി സുദർശൻ, രമണൻ, കുന്നുകുഴി സുനിൽ, വിളയിൽ നാസർ, സഫീർ ആലങ്കോട്, രമേശൻ നായർ, സൈഫുദ്ദീൻ, സജിന, ആശ ആനന്തേശ്വരം അനിൽ, എം.എസ്. നായർ, അബ്ദുൽ അഹദ്, അജീഷ് നാഥ്, അശോകൻ, സൈഫുദ്ദീൻ, ആനന്ദേശ്വരം അനിൽ, താഹിർ ആലങ്കോട്, ലെനിൻ ഗോമസ്, ഹക്കീം, ജോസ് പി. മത്തായി, എസ്.എ.കെ. തങ്ങൾ എന്നിവർ പ്രസംഗിച്ചു.